The Europe connection to some Kerala advertisers

ഈയിടെ പുറത്തു വന്ന ചില മലയാള പരസ്യങ്ങള്‍ കണ്ടാല്‍ തോന്നും മലയാളികള്‍ മുഴുവനും നിത്യവും യൂറോപ്പില്‍ പോയി വരുന്നവരാണെന്ന്. അല്ലെങ്കില്‍ യൂറോപ്പുമായി അവര്‍ക്കുള്ള ബന്ധം അത്രയ്ക്ക് ശക്തമാണെന്ന്. പ്രത്യേകിച്ചും വസ്ത്ര - ആഭരണ വില്‍പ്പന രംഗത്താണ് മലയാളിയുടെ യൂറോപ്യന്‍ പ്രണയം ഇത്രയേറെ ദൃശ്യമാകുന്നത്. 2011 ആദ്യമാണ് ജയല്ക്ഷ്മിയുടെ പരസ്യം ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. "മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി, കിന്നാരം ചൊല്ലും ജയലക്ഷ്മി മന മോഹിനിയായ ജയലക്ഷ്മി മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി" എന്ന ജയലക്ഷ്മിയുടെ പതിവ് ജിംഗിള്‍ ആണ് ടര്‍ക്കിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ പരസ്യത്തിലും ഉപയോഗിച്ചിരിക്കുന്നത്. പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് മേനോന്‍ പ്രൊഡക്ഷന്‍സ് ആണ്. ലൊക്കേഷന്‍ യൂറോപ്പ് ആണ് എന്നത് ഒഴിച്ചാല്‍ ഇതും ഒരു സാധാരണ ടിപ്പിക്കല്‍ ടെക്സ്റ്റൈല്‍ പരസ്യം മാത്രം. ടര്‍ക്കിയില്‍ ചിത്രീകരിച്ച ജയലക്ഷ്മിയുടെ ഈ പരസ്യത്തിനു പുറകെ ഭിമയുടെ പരസ്യം എത്തി. വാശിക്ക് യൂറോപ്പ് മുഴുവന്‍ തേരാ പാരാ നടന്നു ചിത്രീകരിച്ചു കൊണ്ടാണ് തങ്ങളും ഒട്ടും പിന്നില്‍ അല്ല എന്ന് ഭിമ തെളിയിച്ചത്. (പ്രത്യേകം ചിത്രീകരിച്ച യൂറോപ്യന്‍ പശ്ചാത്തലം ചിത്രത്തില്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു എന്നും പറയുന്നുണ്ട്. എന്താണോ എന്തോ!) ഭിമയുടെ സ്ഥിരം ഡയറക്ടര്‍ ആയ ജബ്ബാര്‍ കല്ലറക്കല്‍ ആണ് ഈ യൂറോപ്പ് സാഹസത്തിനു വേണ്ട ക്രിയേറ്റിവ് സഹായം ചെയ്തത്. "അവളുടെ മനമാകെ തളിരിടുമൊരു കാലം നിനവുകളില്‍ നിറയെ പവനുതിരും ഭീമ" എന്ന ആ ക്ലാസിക് വരികളും കൈലാസ് മേനോന്‍ ഈണം നല്‍കിയ അതിന്റെ മനോഹരമായ സംഗീതവും നില നില്‍ക്കുന്നിടത്തോളം എങ്ങനെ ചെയ്താലും ഭിമയുടെ പരസ്യങ്ങള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി ഉറപ്പ്. ആര്‍ടിസ്റ്റ് ചങ്ങാതിയുടെ കാന്‍വാസ്സില്‍ നിന്ന് താന്‍ വരച്ച പെണ്ണ് "പോടാ പുല്ലേ" എന്ന് പറഞ്ഞു ഇറങ്ങിപ്പോകുന്ന ആ പോക്ക് കണ്ടപ്പോള്‍ ഒരല്‍പം സങ്കടം തോന്നി കേട്ടോ. ബാകിയെല്ലാം വലിയ തെറ്റില്ല. ഫ്രാന്‍സും വെനീസും ലണ്ടനും പിന്നെ എനിക്കറിയാത്ത കുറെ സ്ഥലങ്ങളും കണ്ടു. ഭിമയുടെ പരസ്യം കണ്ടു കണ്ണ് തള്ളി ഇരിക്കുമ്പോഴാണ് ദാ ശീമാട്ടി തങ്ങളും യൂറോപ്പൊക്കെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു രംഗത്ത് വന്നത്. ഇതിനകത്തും പെയിന്റിംഗ് തന്നെ വിഷയം. നടു റോഡില്‍ ഇരുന്നു ഒരു ആര്‍ടിസ്റ്റ് ചങ്ങാതി ഈസല്‍ വച്ച് ഒരു ചിത്രം വരയ്ക്കുന്നു. അപ്പോഴാണ്‌ നമ്മുടെ നായിക തന്റെ പട്ടിക്കുട്ടിയുമായി ഫോട്ടോയും എടുത്തു വരുന്നത്. പിന്നിലേക്ക്‌ നടന്നു ഫോട്ടോ പട്ടിയുടെ ഫോട്ടോ എടുക്കുന്ന നായികയുടെ നിതംബം തട്ടി പാവം ചിത്രകാരന്റെ ഈസലും പാലറ്റും ഒക്കെ മറിഞ്ഞു പോകുന്നു. തെറി പറയാന്‍ തുടങ്ങുന്ന ചിത്രകാരന്‍ ഞെട്ടി, ദാ ശീമാട്ടിയുടെ മോഡല്‍ തന്റെ മുന്നില്‍ ഒരു ദേവതയുടെ പോലെ നില്‍ക്കുന്നു. ചിത്രകാരന്‍ വിടുമോ, പുള്ളി പുറകെ നടക്കുകയാണ്. കുരുത്തം കേട്ട മോഡല്‍ ആകട്ടെ, ഫ്രാന്‍സ് മുഴുവന്‍ തെണ്ടി നടക്കുന്നു. ചിത്രകാരന്‍ പുറകെ നട്ടപ്രാന്തുമായി അവളുടെ പുറകെ. ഒടുവില്‍ ഹിന്ദി സിനിമകളുടെ അവസാനം പോലെ നായിക നായകനെ തേടിയെത്തി. ശുഭം. ഇതാണ് ശീമാട്ടി പറയുന്ന കഥ. അവസാനം നായിക ഹെലികോപ്ടരില്‍ കയറി പോകുന്ന രംഗം കുറെ കടന്നു പോയി കേട്ടോ. ഈ യൂറോപ്യന്‍ പരസ്യ കൂട്ടത്തില്‍ ഏറ്റവും തറ എന്നും ശീമാട്ടിയുടെ പരസ്യത്തെ വിശേഷിപ്പിക്കാം. "ഹോ പെണ്ണെ പൂവിനു പൊന്‍ വെയിലില്‍ പൊന്നുടയാടയുമായ് പൂഞ്ചിറകാര്‍ന്നു വരൂ ഇന്നേതോ മായാശലഭം പോല്‍ എന്‍ മുന്നില്‍ പാറുന്നു ശീമാട്ടി ഹോ പെണ്ണെ പൂവിനു പൊന്‍ വെയിലില്‍ പൊന്നുടയാടയുമായ് പൂഞ്ചിറകാര്‍ന്നു വരൂ വര്‍ണ്ണം പെയ്യുമ്പോള്‍ മിന്നിപ്പായുമ്പോള്‍ ലോകം മാറുന്നു ശീമാട്ടി" എന്ന് തുടങ്ങുന്ന ഗാനം അത്രക്കങ്ങട്‌ തരക്കേടില്ല. ച്ചാല്‍ കൊള്ളാം. (പക്ഷെ അര്‍ഥം വിശകലം ചെയ്യാന്‍ ശ്രമിക്കരുത് എന്ന് മാത്രം)
എല്ലാം കണ്ടു കഴിയുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ തോന്നുന്ന സംഗതി ഇത്രയേ ഉള്ളൂ. യെന്താ കേരളത്തില്‍ കിടക്കുന്ന യെവരൊക്കെ പോയി യൂറോപ്യന്‍ പശ്ചാത്തലത്തില്‍ പരസ്യം പിടിച്ചു കൊണ്ട് വരുന്നത് ? യെന്താ യെവര്‍ക്കൊക്കെ യീ കൊച്ചു കേരളത്തില്‍ ഉള്ള പാവപ്പെട്ടവരോടൊക്കെ യിത്ര പുച്ഛം?

Comments

Popular Posts