വി.കെ. പ്രകാശിന്റെ കഥ
പരസ്യ രംഗത്തെ പ്രശസ്ത വ്യക്തിയായ ശ്രീ വി.കെ. പ്രകാശിനെ പറ്റിയുള്ള മംഗളം ഓണ്‍ലൈൻ എഡിഷനിൽ വന്ന കുറിപ്പാണിത്. (ലിങ്ക് ഇതാ) പിന്നീട് ഈ ലിങ്ക് നഷ്ടപ്പെട്ടാലോ എന്നോർത്തു മാത്രമാണ് blockquote-ൽ ഈ പോസ്റ്റ് ചേർക്കുന്നത്
എന്റെ കഥ...
സി.ബിജു.
Story Dated: Wednesday, June 5, 2013 08:04
സ്‌കൂള്‍
സ്‌കൂളിന്റെ പശ്‌ചാത്തലത്തില്‍ ഒരു പതിനഞ്ചു വയസുകാരന്റെ സംഭാഷണം.
വോയ്‌സ് ഓവര്‍ - ഞാനെന്റെ സ്‌കൂള്‍ ജീവിതം പൂര്‍ത്തീകരിക്കുകയാണ്. ഇതിനിടയില്‍ കണക്കിനേക്കാളും സയന്‍സിനേക്കാളും എന്നെ ആകര്‍ഷിച്ചത് കലോല്‍സവ വേദികള്‍ ആയിരുന്നു. അഭിനേതാക്കള്‍ അരങ്ങു തകര്‍ത്ത് സമ്മാനം നേടുമ്പോള്‍ ആ സ്‌കൂളിനെ അണിയിച്ചൊരുക്കാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്‌തി എന്ന നിലയില്‍ എന്നും എന്റെ മനസ്സ് സന്തോഷിച്ചിട്ടുണ്ട്.
ഞാനെന്തായി തീരും എന്നതിനെ സംബന്ധിച്ച് എന്റെ മനസ്സില്‍ ഇപ്പോള്‍ ആശങ്കകള്‍ ഒന്നും തന്നെ ഇല്ല. മുന്നോട്ടുള്ള വഴി എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച് ഞാന്‍ വ്യക്‌തമായ തീരുമാനമെടുത്തു കഴിഞ്ഞു. അതിലേക്ക് എത്തുന്നതിന് മുന്‍പ് എന്റെ ബാക്കി വിദ്യാഭ്യാസം കൂടി എനിക്ക് പൂര്‍ത്തീകരിക്കേണ്ടതുണ്ട്.സീന്‍ - 8
രംഗം- തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ.
സ്‌കൂള്‍ ജീവിതത്തില്‍ ആലോചിച്ച് ഉറപ്പിച്ച തീരുമാനം തന്നെ വി.കെ.പ്രകാശ് നടപ്പിലാക്കി. വി. കെ. പ്രകാശ് ഇപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥിയാണ്. കൂട്ടിന് കൊല്ലംകോട് മിഷന്‍ ഹൈസ്‌കൂളിലെ പഴയ ചങ്ങാതിയുമുണ്ട്, ശ്യാമപ്രസാദ്. പണ്ട് പാലക്കാട് ആയിരുന്നപ്പോള്‍ അവര്‍ രണ്ടുപേര്‍ മാത്രമായിരുന്നു സംഘത്തില്‍. എന്നാല്‍ ഇപ്പോള്‍ സംഘബലം വര്‍ദ്ധിച്ചിട്ടുണ്ട്. ഇരുവര്‍ സംഘത്തിലേക്ക് പുതിയതായി മൂന്നു പേര്‍ കൂടി എത്തിച്ചേര്‍ന്നിട്ടുണ്ട്. മുരളി മേനോന്‍, ജയരാജ് വാര്യര്‍, പ്രിയനന്ദന്‍. മൂവരും പ്രകാശിനെയും ശ്യാമപ്രസാദിനെയും പോലെ സിനിമയും നാടകവും സ്വപ്‌നം കണ്ട് നടക്കുന്നവര്‍ തന്നെയായിരുന്നു.
അവരുടെ കൂട്ടായ്‌മയില്‍ ഓരോ ദിവസവും പുതിയ നാടകങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടു. അഭിനേതാക്കളായും സംവിധായകരായും പഞ്ചപാണ്ഡവന്മാര്‍ വീണ്ടും അരങ്ങു തകര്‍ത്തു. അഞ്ചംഗ സംഘത്തിന്റെ നാടകം കാണാന്‍ എവിടെയും തിരക്കായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ മറ്റു സഹപാഠികള്‍ മാത്രമായിരുന്നില്ല ഈ നാടകങ്ങളുടെ പ്രേക്ഷകര്‍. അതിനു പുറത്തുള്ള വലിയൊരു സംഘവും ഇവരുടെ നാടകങ്ങളെ സ്‌നേഹിച്ചിരുന്നു. ആ സ്‌നേഹത്തിന്റെ തീവ്രതയില്‍ അവര്‍ക്ക് ഡ്രാമ സ്‌കൂളിനും പുറത്തും വേദികള്‍ കിട്ടിത്തുടങ്ങി. അപ്പോഴാണ് തങ്ങളുടെ നാടകങ്ങള്‍ക്ക് ഔദ്യോഗികമായ ഒരു ബാനര്‍ വേണമെന്ന് അവര്‍ ചിന്തിക്കുന്നത്. അങ്ങനെ റൂട്ട് തിയറ്റര്‍ എന്ന ബാനറില്‍ പുറത്തിറങ്ങുന്ന നാടകങ്ങള്‍ക്ക് തൃശൂരുകാര്‍ പ്രേക്ഷകരായി തുടങ്ങി.സീന്‍ - 9
രംഗം- ബോംബെ
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞു. സംഘാംഗങ്ങള്‍ വഴി പിരിഞ്ഞു. പ്രകാശ് എത്തിച്ചേര്‍ന്നത് ബോംബയിലെ തിയറ്റര്‍ വര്‍ക്ക്‌ഷോപ്പിലേക്ക്.
ഇനി കുറച്ചു പരസ്യച്ചിത്രങ്ങളുടെ ദൃശ്യങ്ങളാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്. അതിനു മേല്‍ വീണ്ടും സംഭാഷണങ്ങള്‍ ഉണ്ടാകും. ഇരുത്തം വന്ന ഒരു ചെറുപ്പക്കാരന്റെ സംഭാഷണങ്ങള്‍.
വോയ്‌സ് ഓവര്‍ - തിയറ്റര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് വിജയകരമായി പുറത്തിറങ്ങിയ ഞാന്‍ ചെന്നു പെട്ടത് പരസ്യച്ചിത്രങ്ങളുടെ മേഖലയിലേക്കായിരുന്നു. അധികം പരീക്ഷണങ്ങളില്ലാതെ തന്നെ ഡോണ്‍ ഫിലിംസ് എന്ന പരസ്യകമ്പനിയില്‍ എനിക്ക് സഹസംവിധായകനായി പ്രവേശനം കിട്ടി. അവിടെ വച്ചാണ് ദൃശ്യങ്ങളുടെ മാന്ത്രികവലയം ഒരു ലഹരിയായി എന്നിലേക്ക് പതഞ്ഞിറങ്ങുന്നത്. നിരവധി പ്രശസ്‌ത പരസ്യങ്ങളില്‍ ഞാന്‍ സഹായിയായപ്പോള്‍ എനിക്കു കിട്ടിയ എല്ലാ അറിവുകളും പില്‍ക്കാലത്തേക്ക് ഉപകാരപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
ഡോണ്‍ ഫിലിംസിലെ ജോലിക്കാലത്താണ് ഞാന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്റെ സുഹൃത്തും ക്യാമറമാനുമായ ആര്‍.എന്‍. ബാബുവിനെ പരിചയപ്പെടുന്നത്. അതെനിക്ക് ശരിക്കും ഒരു വഴിത്തിരിവായി മാറുകയും ചെയ്‌തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോംബെയിലെ ഏറ്റവും വലിയ പരസ്യചിത്രീകരണ കമ്പനിയായ ഫാര്‍ പ്ര?ഡക്ഷനില്‍ അസോസിയേറ്റ് ഡയറക്‌ടറായി എനിക്ക് ജോലി ലഭിച്ചു. വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ എങ്ങനെ കഴിയും എന്ന് എന്നെ പഠിപ്പിച്ചത് ശരിക്കും ഫാര്‍ പ്ര?ഡക്ഷനിലെ ജീവിതമായിരുന്നു.
രണ്ടരവര്‍ഷത്തെ ഫാര്‍ പ്ര?ഡക്ഷനിലെ സേവനം എന്നെ പരസ്യലോകത്ത് വളരെയധികം പ്രശസ്‌തനാക്കിയിരുന്നു. ആ പ്രശസ്‌തിയുടെ മികവില്‍ ബോംബയിലെ പരസ്യ ഏജന്‍സികളില്‍ രാജാവായിരുന്ന പീയൂഷ് പാെണ്ഡയുടെ ഏവറസ്‌റ്റ് പരസ്യനിര്‍മ്മാണ കമ്പനിയില്‍ നിയമനം. ആ നിയമനം പരസ്യലോകത്ത് എന്റെ വളര്‍ച്ചയുടെ പൂര്‍ണ്ണതയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.സീന്‍ - 10
രംഗം- ബാഗ്ലൂര്‍
പീയൂഷ് പാണ്‌ഡെ എന്ന മഹാരാഷ്‌ട്രക്കാരന് വി.കെ. പ്രകാശ് എന്ന മലയാളിയെ നന്നെ ബോധിച്ചു. അതിന്റെ അടിസ്‌ഥാനത്തില്‍ പ്രകാശ് ബാഗ്ലൂര്‍ ഏവറസ്‌റ്റിന്റെ തലവനായി നിയമിതനായി. തുടര്‍ന്ന് സ്വതന്ത്ര സംവിധായകന്‍ എന്ന വെല്ലുവിളിയും. ആദ്യ സ്വാതന്ത്ര്യം ആഘോഷിച്ചത് ടൈറ്റാന്‍ വാച്ചിന്റെ ഓണം പരസ്യത്തില്‍.ശേഷം കാഴ്‌ചയില്‍
മലയാളികള്‍ അല്ലാത്തവര്‍ക്കു പോലും ടൈറ്റാന്‍ വാച്ചിന്റെ ഓണാഘോഷം നന്നേ ബോധിച്ചു. ഫലമോ കന്നിയങ്കത്തില്‍ നാഷണല്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍. പരസ്യലോകത്തെ അതികായനായി വി.കെ.പ്രകാശ് അങ്ങനെ വളരുകയായിരുന്നു.സീന്‍ - 10
രംഗം- കേരളം
ബാഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയുടെ ദൃശ്യങ്ങളാണ് ഇനി. ദൃശ്യങ്ങള്‍ക്ക് പുറത്തുള്ള സംഭാഷണങ്ങളുമായി വി.കെ.പി എന്ന വി.കെ.പ്രകാശ്.
വോയ്‌സ് ഓവര്‍ - പരസ്യചിത്രീകരണത്തിലും മനസ് നിറയെ സിനിമയായിരുന്നു. പ്രത്യേകിച്ച് മലയാള സിനിമ എന്റെ തലക്കു പിടിച്ചിരുന്നു. അതിലേക്ക് എത്താനുള്ള വെമ്പലാണ് ഈ യാത്ര. കാരണം കഴിഞ്ഞ ദിവസം മാനസി എന്ന ചെറുകഥ ഞാന്‍ വായിച്ചു. എനിക്ക് അത് ഏറെ ഇഷ്‌ടമായി. 13 കൊല്ലത്തെ പരസ്യ ചിത്രീകരണ ജീവിതത്തില്‍ ഒരല്‍പ്പം ഇടവേള കൊടുത്ത് ഒരു മലയാള സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ് ഞാന്‍. മാനസിയുടെ തിരക്കഥ പി. ബാലചന്ദ്രനെ കൊണ്ട് എഴുതിക്കണം. പുനരധിവാസം എന്ന സിനിമയാക്കാന്‍.സീന്‍ - 11
രംഗം - കോഴിക്കോട് രാഗം തിയറ്റര്‍
പുനരധിവാസം എന്ന സിനിമ റിലീസ് ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ ഡോള്‍ബി ഡിജിറ്റല്‍ സൗണ്ടില്‍ പുറത്തിറങ്ങുന്ന ആദ്യ സിനിമ. വി.കെ.പ്രകാശ് എന്ന വ്യക്‌തിയുടെ ആദ്യ സിനിമ സംരംഭത്തില്‍ ഈ ബഹുമതിക്ക് പുറമേ ഒട്ടേറെ പുരസ്‌കാരങ്ങളും. വി.കെ. പി എന്ന സംവിധായകന്‍ അങ്ങനെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകുന്നു.സീന്‍ - 12
രംഗം - ഡല്‍ഹിയിലെ ഒരു അവാര്‍ഡ് വേദിമികച്ച ഇംഗ്‌ളീഷ് കഥാചിത്രത്തിനുള്ള അവാര്‍ഡ് മലയാളിയായ വി.കെ.പി ഏറ്റുവാങ്ങുന്നു.
ചിത്രം- ഫ്രീക്കി ചക്ര. ഭാഷ- ഇംഗ്ലീഷ്. നിര്‍മ്മാണം- സ്‌റ്റാര്‍ പ്ലസ്. ഹിന്ദിയിലെ പ്രശസ്‌തയായ ദീപ്‌തി നവാലും എം.ടി.വി അവതാരകനായിരുന്ന രണ്‍ബീറുമായിരുന്നു നായികാനായകന്മാര്‍. അങ്ങനെ വി.കെ.പി എന്ന സംവിധായകന്‍ ദേശങ്ങള്‍ കടന്നും തന്റെ പെരുമ വ്യാപിപ്പിക്കുന്നു.സീന്‍ - 13
രംഗം- കേരളം
മലയാള സിനിമയുടെ ചില ലൊക്കേഷനില്‍ കൂടിയാണ് അടുത്ത യാത്ര. ദൃശ്യങ്ങള്‍ വിവരിക്കാന്‍ വീണ്ടും വി.കെ.പി യുടെ ശബ്‌ദം.
വോയ്‌സ് ഓവര്‍ - മലയാള സിനിമയില്‍ സജീവമാകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയുള്ള സൂപ്പര്‍ താരങ്ങളുടെ കോള്‍ഷീറ്റ് എന്നെ പോലുള്ള ചെറുകിട സംവിധായകന് അപ്രാപ്യമാണെന്നറിയാമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കെമിസ്‌ട്രിയില്‍ ചേര്‍ന്നു പോകുന്ന താരങ്ങളെ വച്ച് സിനിമ ചെയ്യാനായി എന്റെ ശ്രമം. അനൂപ് മേനോനും, ജയസൂര്യയുമൊക്കെ ആ കെമിസ്‌ട്രിയുമായി യോജിച്ചു പോകാന്‍ കഴിഞ്ഞു എന്നത് എന്നെ ഏറെ സന്തോഷവാനാക്കി.
അങ്ങനെ ഒരു കെമിസ്‌ട്രിയില്‍ പിറന്ന മൂന്നാമതൊരാള്‍ എന്ന സിനിമ മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയായിരുന്നു. യു.എഫ്. ഒ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫുള്‍ ഡിജിറ്റലായി പുറത്തിറങ്ങിയ ആദ്യ സിനിമ. റീലും പെട്ടികളും മാത്രം കണ്ടു പരിചയിച്ച തിയറ്റര്‍ ഉടമകള്‍ സാറ്റലൈറ്റ് വഴിയുള്ള റിലീസിങ്ങനെ പരിഹസിച്ചു. പക്ഷേ ഇന്ന് മലയാളത്തിലെ എല്ലാ സിനിമകളും സാറ്റലൈറ്റ് വഴി റിലീസാകുമ്പോള്‍ എന്റെയുള്ളില്‍ ചെറിയ ഒരഹങ്കാരം ഉണ്ട്. ഈ ടെക്‌നോളജി ആദ്യമായി പരീക്ഷിച്ചയാളെന്ന നിലയില്‍.
പിന്നീടിറങ്ങിയ എന്റെ സിനിമകള്‍ വഴി ഞാന്‍ ന്യൂജനറേഷന്‍ സിനിമയുടെ വക്‌താവ് എന്നറിയപ്പെട്ടു. ബ്യൂട്ടിഫുള്ളും, ട്രിവാന്‍ഡ്രം ലോഡ്‌ജും നത്തോലി ഒരു ചെറിയ മീനല്ല യുമാണ് അതിന് വഴി വച്ചത്. പക്ഷേ മലയാളി കപടസദാചാരത്തില്‍ പുറത്തു പറയാന്‍ മടിക്കുന്ന, രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍ പരസ്യമായി പറയാന്‍ മാത്രമേ ഞാന്‍ ശ്രമിച്ചിട്ടുള്ളു. അല്ലാതെ മലയാളസിനിമയില്‍ ഇന്നിറങ്ങുന്ന സിനിമകളെ ന്യൂ ജനറേഷന്‍ എന്നും ഓള്‍ഡ് ജനറേഷന്‍ എന്നും തരംതിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഓരോ ഘട്ടത്തില്‍ ഇറങ്ങുന്ന സിനിമകള്‍ കാലത്തിനനുസരിച്ച് ന്യൂ ജനറേഷന്‍ തന്നെയാണ്.സീന്‍ - 14
രംഗം- തിരുവനന്തപുരം മ്യൂസിക് കോളേജ്
യൂണിറ്റംഗങ്ങളുമായി നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വി.കെ.പിയുടെ അടുക്കലേക്ക് സന്തതസഹചാരിയായ മൃദുല്‍ ഫോണുമായി എത്തുന്നു.
വി.കെ.പി - ആരാ മൃദുല്‍ ?
മൃദുല്‍ - ബാഗ്ലൂരില്‍ നിന്ന് സജിത ചേച്ചിയാ.
വി.കെ.പിയും ഭാര്യ സജിതയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം. ഇടയ്‌ക്ക് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി കൂടിയായ മകള്‍ കാവ്യയെ ഫോണില്‍ കൂടി കൊഞ്ചിക്കുന്ന വി.കെ.പ്രകാശ് എന്ന അച്‌ഛന്‍.
സജിതയുടെ നേതൃത്വത്തില്‍ ബാഗ്ലൂരില്‍ നടത്തുന്ന ട്രെന്‍ഡ്‌സ് എന്ന പരസ്യനിര്‍മ്മാണ കമ്പനി അടുത്തതായി ചെയ്യുന്ന വിവല്‍ ഗ്രൂപ്പിന്റെ നാഷണല്‍ പരസ്യം ചെയ്യാന്‍ താനുണ്ടാകുമെന്ന ഉറപ്പിന്‍ മേല്‍ വി.കെ.പി യുടെ ഈ കഥ ഇവിടെ പൂര്‍ണ്ണമാകുന്നു.
Comments
Post a Comment